ചരിത്രം

പ്രാക് ചരിത്രം

 

പരശുരാമസൃഷ്ടിയായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളില്‍ ഏറെ പ്രാമാണ്യമുള്ള ഒന്നായിരുന്നു ഇരിങ്ങാലക്കുട ഗ്രാമം. ഒരു ക്ഷേത്രസങ്കേത ഗ്രാമം എന്ന നിലയിലാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അറിയപ്പെടുന്നത്. ഇവിടെ ദ്രാവിഡ സംസ്കാരവും, ജൈനമതവും, പിന്നീട് ബ്രാഹ്മണാധിപത്യവും നിലനിന്നിരുന്നു. നമ്പൂതിരിമാര്‍ ഭരണനിയന്ത്രണത്തിനു വേണ്ടി കേരളത്തെ ദേശങ്ങളായി തിരിച്ച് ഓരോ ദേശക്കൂട്ടം സ്ഥാപിച്ച അവസരത്തില്‍ രൂപീകൃതമായ ദേശക്കൂട്ടങ്ങളിലൊന്നാണ് ഇരിങ്ങാലക്കുടയെന്ന് പറയപ്പെടുന്നു.

 

സ്ഥലനാമോല്‍പത്തി

 

രണ്ടു ചാലുകള്‍ക്ക് ഇടയില്‍ എന്നര്‍ത്ഥമുള്ള 'ഇരുചാല്‍ക്ക് ഇടൈ' എന്നതോ, അവയുടെ സംഗമദേശത്തെ 'ഇരുചാല്‍ കൂടല്‍ ' എന്നതോ ലോപിച്ചാകണം ഇരിങ്ങാലക്കുട എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതപ്പെടുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍ , സംഭവങ്ങള്‍

 

ശ്രീനാരായണ ഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ അയിത്തത്തിനെതിരായ പ്രസ്ഥാനങ്ങള്‍ ഇവിടെ രൂപപ്പെട്ടിരുന്നു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പി.ഗംഗാധരന്‍ , കെ.വി.ഉണ്ണി, പി.കെ.കുമാരന്‍ , എ.കെ.തയ്യില്‍ , ശാരദാ, കുമാരന്‍ , ചക്കി ടീച്ചര്‍ എന്നിവര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്ക് നടന്ന 'കുട്ടംകുളം സമരം' അതിപ്രസിദ്ധമാണ്. 1942 ജനുവരിയില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന കൊച്ചീരാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ സമ്മേളനമാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പ്രധാനമായത്. മുപ്പതുകളുടെ അവസാനത്തില്‍ പുതൂര്‍ അച്ചുതമേനോന്‍ മുഖ്യസംഘാടകനായിക്കൊണ്ട് കിഴുത്താനിയില്‍ നടന്ന പുരോഗമന സാഹിത്യസമ്മേളനം ഈ പ്രദേശത്തെ പ്രധാന സമ്മേളനമാണ്.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

 

ഇന്നത്തെ നിലയില്‍ അറിയപ്പെടുന്ന ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യകേന്ദ്രം കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കോവിലകത്ത് ആരംഭിച്ച വിദ്യാലയമാണ്. നൂറ്റമ്പതു വര്‍ഷമെങ്കിലും മുന്‍പുണ്ടായതാണ് ഇവിടുത്തെ ബോയ്സ് ഹൈസ്കൂളും, ഗേള്‍സ് ഹൈസ്കൂളും.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും വലിയ ചന്ത ഇരിങ്ങാലക്കുടയിലായിരുന്നു. ഈ ചന്തയ്ക്ക് മുന്നൂറുവര്‍ഷം പഴക്കമുണ്ട്. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഈ ചന്തയില്‍ കുരുമുളക്, കശുവണ്ടി, അടയ്ക്ക, കൊപ്ര എന്നീ കാര്‍ഷികോല്പന്നങ്ങളും വിപണനം ചെയ്തിരുന്നു. 1945-ല്‍ ആരംഭിച്ച കെ.പി.എന്‍ ഓയില്‍ മില്ലുകള്‍ , കേരളാ സോള്‍വന്റ് എക്സ്ട്രാക്ഷന്‍സ് ലിമിറ്റഡ് എന്നിവ വ്യവസായ ശൃംഖലയിലെ പ്രധാന നാഴികക്കല്ലുകളാണ്. ഷണ്‍മുഖം കനാല്‍ ഇരിങ്ങാലക്കുടയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ജലമാര്‍ഗ്ഗമാണ്.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

1936 ഫെബ്രുവരി 8-ാം തീയതിയിലെ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് നോട്ടിഫിക്കേഷന്‍ വഴിയാണ് ഇരിങ്ങാലക്കുട പട്ടണം ഒരു മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്. അന്നത്തെ കൊച്ചി ദിവാന്‍ജിയായിരുന്ന സര്‍ .കെ.ഷണ്‍മുഖം ചെട്ടിയുടെ സന്മനോഭാവത്തിന്റെ പ്രതീകമായിരുന്നു ഈ പ്രഖ്യാപനം. 1936 നവംബര്‍ 30-ന് ആദ്യത്തെ കൌണ്‍സില്‍ നിലവില്‍ വന്നു. എം.എ.വറിയത് ആയിരുന്നു ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ .